Freedom251


251 രൂപയുടെ സ്‌മാര്‍ട്ട് ഫോണ്‍ തട്ടിപ്പ് ആണോ?
GadgetAuthor : Vimalkrith
251 രൂപയ്‌ക്ക് സ്‌മാര്‍ട്ട് ഫോണ്‍ വരുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍, മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ആന്‍ഡ്രോയ്‍ഡ് ലോലിപോപ്പ് ഒ എസില്‍ റണ്‍ ചെയ്യുന്ന ഫോണിന് മികച്ച സവിശേഷതകളാണ് ഉള്ളത്. നാല് ഇഞ്ച് ഡിസ്‌പ്ലേ, ഒരു ജിബി റാം, എട്ടു ജിബി ഇന്റേണല്‍ മെമ്മറി, ത്രീജി, ഇരട്ട സിം, 3.2 മെഗാപിക്‌സല്‍ ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകള്‍. ഏകദേശം അയ്യായിരം രൂപയ്‌ക്ക് വാങ്ങാന്‍ സാധിക്കുന്ന ഫോണില്‍ മാത്രമാണ് ഈ സവിശേഷതകളെല്ലാം ഒരുമിച്ച് ലസഭ്യമാകുക. ഇന്നു രാവിലെ ആറു മണി മുതലാണ് കമ്പനി വെബ്സൈറ്റ് വഴി ഫോണ്‍ ബുക്ക് ചെയ്യേണ്ടിയിരുന്നതെങ്കിലും, പലര്‍ക്കും വെബ്സൈറ്റില്‍ പ്രവേശിക്കാനായില്ല. ബ്ലാങ്ക് പേജാണ് കാണാനായത്. എട്ടു മണിയോടെ ബുക്ക് ചെയ്യുന്ന പേജ് ദൃശ്യമായെങ്കിലും പണം ഒടുക്കേണ്ട ബട്ടണില്‍ ക്ലിക്ക് ചെയ്‌തപ്പോഴും ബ്ലാങ്ക് പേജാണ് ദൃശ്യമായത്. പിന്നീട് സെര്‍വര്‍ അപ്‌ഗ്രഡേഷന്‍ നടക്കുന്നതിനാല്‍ ബുക്കിങ് നിര്‍ത്തിവെയ്‌ക്കുയാണെന്ന അറിയിപ്പാണ് ദൃശ്യമായത്. 24 മണിക്കൂറിനുള്ളില്‍ ഫോണ‍് ബുക്ക് ചെയ്യാനാകുമെന്നും കമ്പനി അധികൃതര്‍ പറയുന്നു. ഇത്രയും കുറഞ്ഞ ചെലവില്‍ സ്‌മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുന്നത് നല്ല കാര്യമാണെങ്കിലും, ഈ കമ്പനിയുടെയും ഫ്രീഡം 251 പദ്ധതിയുടെയും പ്രചാരണത്തിന്റെയുമൊക്കെ കാര്യത്തില്‍ ചില പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ പദ്ധതിയെ വിശ്വസിക്കാനാകുമോയെന്ന് സംശയിച്ചാലും കുറ്റപ്പെടുത്താനാകില്ല.

മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ പേര് കളയുമോ?

കേന്ദ്ര സര്‍ക്കാരിന്റെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമാണ് റിങിങ്ങ് ബെല്‍സ് എന്ന കമ്പനി 500 രൂപയ്‌ക്ക് സ്‌മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് 251 രൂപയായി കുറയ്‌ക്കുകയും ഫോണിന് ഫ്രീഡം251 എന്ന ബ്രാന്‍ഡ് പേര് നല്‍കുകയും ചെയ്‌തു. റിങിങ്ങ് ബെല്‍സ് നേരത്തെ സ്‌മാര്‍ട്ട് 101 എന്ന പേരില്‍ 4ജി ആന്‍ഡ്രോയ്ഡ് ഫോണ്‍ പുറത്തിറക്കിയ കമ്പനിയാണ്. കൂടാതെ മാസ്റ്റര്‍, 4യു എന്നിങ്ങനെ മറ്റ് രണ്ടു ബ്രാന്‍ഡ് മൊബൈല്‍ ഫോണുകള്‍ കൂടി ഇതേ കമ്പനി വില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവരെ കണ്ണുമടച്ച് അവിശ്വസിക്കേണ്ടതില്ല എന്ന ന്യായം ഉയര്‍ത്താം. എന്നിരുന്നാലും അഞ്ചുമാസം പഴക്കമുള്ള കമ്പനിക്ക് വലിയ വിശ്വാസ്യത ചാര്‍ത്തി കൊടുക്കേണ്ടതുണ്ടോ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഫ്രീഡം251 എന്ന ഫോണിനുവേണ്ടി അവര്‍ നടത്തുന്ന പ്രചാരണവും, ബുക്കിങിന് വേണ്ടി തയ്യാറാക്കിയ വെബ്സൈറ്റും സംശയം ഉണര്‍ത്തുന്നതാണ്. ഇത്രയും കുറഞ്ഞ വിലയ്‌ക്ക് ഫോണ്‍ വില്‍ക്കാന്‍ വെക്കുമ്പോള്‍, സ്വാഭാവികമായും ആളുകള്‍ ഇരച്ചെത്തും. ഒരു സെക്കന്‍ഡില്‍ ലക്ഷകണക്കിന് ആളുകള്‍ സൈറ്റിലേക്ക് എത്തും. അപ്പോള്‍ ഡൗണ്‍ ആകാത്തതരത്തിലുള്ള സെര്‍വര്‍ ആണ് തയ്യാറാക്കേണ്ടിയിരുന്നത്. എന്നാല്‍ തുടക്കത്തിലെ കല്ലുകടി പോലെ ബുക്കിങ് തുടങ്ങിയ സെക്കന്‍ഡില്‍ തന്നെ സൈറ്റ് ആര്‍ക്ക് ലഭിക്കാതെയായി. പിന്നീട് സെക്കന്‍ഡില്‍ ആറുലക്ഷം പേര്‍ സെറ്റിലെത്തിയതിനാലാണ് ഡൗണ്‍ ആയതെന്നും, താല്‍ക്കാലികമായി വെബ്സൈറ്റ് പ്രവര്‍ത്തനം നിര്‍ത്തുകയാണെന്നുമുള്ള വിശദീകരണവുമായി അവര്‍ രംഗത്തെത്തുകയായിരുന്നു.

251 രൂപയ്‌ക്ക് സ്‌മാര്‍ട്ട് ഫോണ്‍ വില്‍ക്കാനാകുമോ?

ഒരു സ്‌മാര്‍ട്ട് ഫോണ്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഘടകങ്ങള്‍, നിലവിലെ സാഹചര്യത്തില്‍ 250 രൂപയ്‌ക്ക് ലഭ്യമാകുകയില്ല. സര്‍ക്കാരിന്റെ സഹായം ഉണ്ടെങ്കില്‍ തന്നെ, ഫ്രീഡം251 അവകാശപ്പെടുന്ന സവിശേഷതകള്‍ ഒരുക്കാന്‍ കുറഞ്ഞത് 3000-5000 രൂപ ചെലവാകുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ തറപ്പിച്ചു പറയുന്നത്. അപ്പോ പിന്നെ എങ്ങനെയാണ് 251 രൂപയ്‌ക്ക് ഈ ഫോണ്‍ നിര്‍മ്മിച്ച് വില്‍ക്കുന്നത്?

വെബ്സൈറ്റിലെ ഗിമ്മിക്കുകള്‍

ഫ്രീഡം251 ഡോട്ട് കോം എന്ന വെബ്സൈറ്റാണ് ഫോണ്‍ ബുക്കിങിനായി കമ്പനി തയ്യാറാക്കിയത്. 2016 ഫെബ്രുവരി 10ന് അതായത്, കൃത്യം ഒരാഴ്‌ച മുമ്പ് മാത്രം ഹോസ്റ്റ് ചെയ്‌ത വെബ്സൈറ്റാണിത്. ഇത്രയും വലിയൊരു പ്രോജക്‌ട് ആയിട്ടും, വെബ്സൈറ്റ് തയ്യാറാക്കാന്‍ ഇത്രയും ദിവസത്തെ തയ്യാറെടുപ്പ് മാത്രമാണോ ഉണ്ടായിരുന്നതെന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ത്താം. അതേസമയം റിങിങ്ങ് ബെല്‍സ് എന്ന കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍, ഫ്രീഡം251 എന്ന വെബ്സൈറ്റിനെ കുറിച്ച് ഇതുവരെയും പരാമര്‍ശിച്ചിട്ടില്ല. കൂടാതെ ഫ്രീഡം251 വെബ്സൈറ്റില്‍ ഫോണിനെ കുറിച്ചുള്ള മാര്‍ക്കറ്റിങ് വാക്കുകള്‍ പൂര്‍ണമായും കോപ്പിയടിച്ചതാണെന്നത് വ്യക്തമാകും. വെബ്സൈറ്റിലെ ഹോംപേജില്‍ ഫ്രീഡം ടു കണക്‌ട് എന്ന ഭാഗത്ത് നല്‍കിയിരിക്കുന്ന വിവരണം പൂര്‍ണമായും ഹുവേ എന്ന കമ്പനിയുടെ വെബ്സൈറ്റില്‍, അവരുടെ ബ്രാന്‍ഡായ പി8ന് നല്‍കിയിരിക്കുന്ന വിവരണം കോപ്പി ചെയ്തിരിക്കുകയാണെന്ന് വ്യക്തമാകും.

Comments